Monday, September 21, 2015

വിവാഹം : ഒരു ഫേസ്ബുക്ക് അപ്ഡേറ്റ്

വിവാഹം : ഒരു ഫേസ്ബുക്ക് അപ്ഡേറ്റ് 
------------------------------------------------------------------------- 

സുരേഷേട്ടാ.......

ഭാര്യയുടെ വിളികേട്ട് പത്രത്താളിൽ നിന്നും മെല്ലെ കണ്ണെടുത്ത്‌ ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

ഞാൻ കണ്ട കാഴ്ച ലോകത്തെ ഏതു ഭർത്താവിനെയും ഒന്ന് ഞെട്ടിക്കും. എന്താന്ന് അല്ലെ; ഓണ്‍ ആയിരിക്കുന്ന എന്റെ ലാപ്ടോപ്പിൽ എന്റെ ഫെസ്ബുക്ക് അക്കൗണ്ട്‌ ഭാര്യ നോക്കുന്നു. പക്ഷെ ഞാൻ ഞെട്ടിയില്ല, കാരണം എന്റെ ഫേസ്ബുക്ക് അക്കൗണ്ട്‌ ആര് നോക്കിയാലും ഒരു കുഴപ്പവും ഇല്ല; അതിൽ ഒരു സ്വകാര്യവും ഇല്ലാ.

എന്താ രായു കുട്ടാ? . ഞാൻ ചോദിച്ചു.

സുരേഷേട്ടാ ഈ പെണ്കുട്ട്യോള് എന്തിനാ കല്യാണം കഴിയുമ്പോൾ ഫേസ്ബുക്കിൽ അവരുടെ കല്യാണ ഫോട്ടോ ഇടുന്നേ ? 

പകച്ചു പോയി എന്റെ ധാബത്യം ......

അടുക്കള ഭരണവുമായി കഴിയുന്ന എന്റെ ഭാര്യക്ക് കമ്പ്യൂട്ടർ , ഇന്റർനെറ്റ്‌ , മുതലായവയുമായി വലിയ അടുപ്പം ഇല്ലാ. 
ഒരു കണക്കിനു അതാ നല്ലത്. 
ചേട്ടാ അത് അപ്ഡേറ്റ് ചെയ്തോ, ഇത് അപ്ഡേറ്റ് ചെയ്തോ എന്നൊന്നും കേൾക്കേണ്ടല്ലോ.

അതായതു മോളു ...... ഞാൻ ഒന്ന് നിർത്തി.

"എന്റെ കല്യാണം കഴിഞ്ഞെടാ "പട്ടികളെ"; ഇനി നീ ഒന്നും എന്റെ പുറകെ നടന്നു എന്നെ ശല്യപ്പെടുതരുത്; വെറുതെ ഫേസ്ബുക്കിൽ  ചാറ്റ് ചെയ്യാൻ വന്നേക്കരുത്; ഇപ്പോൾ എന്റെ കാര്യങ്ങള് നോക്കാൻ വേറെ ആളുണ്ടാടാ" ഇതൊന്നു പറയാതെ പറയണം. അതിനാ കല്യാണ ഫോട്ടോ പെണ്‍കുട്ടികൾ ഫേസ്ബുക്കിൽ ഇടുന്നത്. 

അത് എന്താ സുരേഷേട്ടാ പട്ടികളെ എന്ന് പറഞ്ഞപ്പോൾ അവിടെ ഒരു കടുപ്പം.
ഞാൻ ഒന്ന് ചിരിച്ചു, കൂടെ അവളും ചിരിച്ചു.

മോളു , പട്ടിയെന്നു തറപ്പിച്ച് പറയാൻ കാരണം, കല്യാണം കഴിയുന്നതുവരെ ഈ പെബിള്ളേർക്ക് എല്ലാത്തിന്നും ഈ ഫേസ്ബുക്ക് ചെക്കൻമാരുടെ സഹായം വേണം. ആ സമയം കന്നി മാസത്തിൽ, ആണ്‍ പട്ടികൾ, പെണ്‍ പട്ടികളുടെ പുറകെ മണപ്പിച്ചു നടക്കുനതു പോലെ, ഈ ചെക്കന്മാർ മണപ്പിച്ചു നടക്കും, അപ്പോളൊന്നും അവളുമാർക്ക്‌ ഒരു കുഴപ്പോം ഇല്ലാ. കല്യാണം കഴിഞ്ഞാൽ, സീൻ മൊത്തം കോണ്ട്രയായി. പിന്നെ അവളുമ്മാർക്കു അവരെ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണത്തില്ല. അതാ ഞാൻ പട്ടീന്നു പറഞ്ഞപ്പോൾ ഇത്തിരി കടുപ്പിച്ചേ.

രായു എല്ലാം മനസ്സിലായെന്ന പോലെ ഒന്ന് കുണിങ്ങി ചിരിച്ചു. അത് എന്നിലും ചിരി പടർത്തി.

ഇതിനിടയിൽ അപ്രതീക്ഷിതമായി രായുവിന്റെ മറ്റൊരു ചോദ്യം വന്നു.

സുരേഷേട്ടാ , അപ്പളേ , ഈ ആണ്‍കുട്ട്യോള് എന്താ കല്യാണ ഫോട്ടോ ഫേസ്ബുക്കിൽ ഇടാത്തേ ?

പട്ടികയ്ക്കു അടി കിട്ടിയത് പോലെയായി ഞാൻ.

ങേ ....... എന്നിൽ നിന്നും ഒരു ശബ്ദം പുറപ്പെട്ടു.

"കഷ്ട്ടകാലം വന്നത്, ആരെങ്കിലും നാട്ടുകാരേ വിളിച്ച് അറിയിക്കോ?" ഞാൻ അറിയാതെ പറഞ്ഞുപോയി. 

ഈശ്വരാ ........ പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഭാര്യ അടുത്തുണ്ടെന്നുള്ള കാര്യം ഞാൻ ഓർത്തത്‌.

എന്താ സുരേഷേട്ടാ , 
കഷ്ട്ടകാലോ ? 
ഞാൻ ഒന്നും കേട്ടില്ല. രായു എന്നോടായി പറഞ്ഞു.

ഈശ്വരാ, നീ എന്നെ കാത്തു, രായു അത് കേട്ടിരുന്നെങ്കിൽ ഒരു വലിയ കുടുംബ കലഹം .............. 
ഹോ ....... ഞാൻ ഒന്ന് ദീർഘമായി നിശ്വസിച്ചു. 

അതായത് രായു, അതൊക്കെ ഇടുന്നത് കഷ്ട്ടപാടല്ലേന്ന് പറഞ്ഞതാ. ആണുങ്ങക്ക് അത്രേം ക്ഷമ കാണില്ലാ. 

ഫോട്ടോ സ്കാൻ ചെയ്യണം, അപ്‌ലോഡ്‌ ചെയ്യണം ........

ഞാൻ അങനെ ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു. ഇതൊക്കെ കേട്ട് രായു തലയാട്ടുന്നുണ്ടായിരുന്നു.

ഒരു കുടുംബ വഴക്ക് സോൾവ്‌ ആയതിന്റെ സന്തോഷത്തിൽ ഞാൻ ഇരിക്കുമ്പോൾ , എന്റെ ലാപ്ടോപ്പിൽ എന്റെ ഫേസ്ബുക്ക് അക്കൗണ്ട്‌ അപ്പോളും ഓപ്പണ്‍ ആയിരിക്കുന്നുണ്ടായിരുന്നു.......



  

              .
      


    

Friday, September 18, 2015

യാചകൻ

യാചകൻ
------------------

ഈ കവിതയ്ക്ക് മുൻപ് കുറച്ചു കാര്യങ്ങൾ. 

ഇത് ഞാൻ 1996 ഒക്ടോബർ - ഡിസംബർ കാലഘട്ടത്തിൽ ഒരു നോടീസിന്റെ പുറത്തു എഴുതിയതാണ്. 23/06/1997 ൽ ഞാൻ ഇത് നോട്ടീസിൽ നിന്നും ഒരു ഡെയറിയുടെ പേജുകളിലേക്ക് മാറ്റി എഴുതി. പിന്നെ ഞാൻ ആ ഡയറിയിലെ, ആ പേജുകൾ കീറി എവിടേയോ വച്ചു. അതിനുശേഷം ഞാൻ ആ കാര്യമേ മറന്നു. ഈ അടുത്ത്, പഴയ പുസ്തകങ്ങൾ അടുക്കി വച്ചപ്പോൾ അപ്രതീക്ഷിതമായി കിട്ടിയതാണ് അവ.           

  
ആ പേജുകളുടെ ഫോട്ടോ ഇതോടൊപ്പം കൊടുക്കുന്നു. ഏകദേശം 20 വർഷത്തിനു മുൻപേ എഴുതിയ കവിത ഇപ്പോൾ വായിക്കുമ്പോൾ, ചെറിയ തിരുത്തലുകൾ ഒക്കെ വരുത്തിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നുന്നുണ്ട്. പക്ഷേ അന്ന് എഴുതി , തിരുത്തി എഴുതിയതു പോലെ ഇന്ന് ഞാൻ എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു. ഒരു 16 വയസ്സുള്ള ,കവ്മാരക്കാരന്റെ  ( ഇപ്പോൾ അല്ലാ :-)  ) കവിത. ഒരു വലിയ കവിത എന്നൊന്നും ഞാൻ പറയുന്നില്ലാ . 

ഈ കവിതയ്ക്ക് ആധാരം, ആ സമയത്ത് (മുകളിൽ പറഞ്ഞ കാലഘട്ടത്തിൽ) പത്രത്തിൽ വന്ന ഒരു വാർത്ത ആയിരുന്നു. ഒരു യാചകൻ മരിച്ചപ്പോൾ അയാളുടെ ഭാണ്ഡകെട്ട് പരിശോധിച്ച ജനങ്ങൾ ഞെട്ടി , അതിൽ ലക്ഷങ്ങളുടെ സമ്പാദ്യം.

-------------------------------------------------------------------------------------------------------------------------------------------------



യാചകനായല്ല പിറന്നതവൻ ഈ മണ്ണിൽ ,
അമ്മതൻ ഉദരത്തിൽ നിന്നും ;
ഒരു സാധാരണ ശിശുവായ് ജനിച്ചു .

ജനിച്ചനാൾ മുതൽ പഠിപ്പിച്ചു യാചിക്കാൻ ,
നടക്കാൻ പ്രായമായപ്പോൾ തുടങ്ങി യാചിക്കാൻ;
യാചിച്ചില്ലെങ്കിലോ ഭക്ഷണവുമില്ല;
വിശപ്പുമൂലം യാചിക്കുവാനും തുടങ്ങി.

ചെല്ലുന്നു യാചിക്കാൻ നഗരങ്ങളിൽ,
തിരക്കു പിടിച്ചതാണല്ലോ നഗരം,
തുടരുന്നു  യാചന നഗരങ്ങളിൽ.

രാവിലെ മുതൽ തുടങ്ങുന്നു യാചന,
രാത്രിവരെ തുടരുന്നു യാചന,
രാത്രിയാകുമ്പോൾ കിടക്കുന്നു കടത്തിണ്ണകളിൽ;
രാവിലെയാകുമ്പോൾ വീണ്ടും തുടരുന്നു യാചന.

രാത്രിയാകുമ്പോൾ വരുന്നു എമാൻമാർ ,
ഉറക്കത്തിൽ നിന്ന് കുത്തി ഓടിക്കുന്നു;
പിന്നെ ഉറങ്ങുവാൻ കടത്തിണ്ണകൾ അന്വേഷിച്ചു നടക്കുന്നു.

രാവിലെ ചെല്ലുന്നു വീടുകൾ തോറും,
ഒരു ദു:ശ്ശകുനമായ് മാറുന്നു;
എങ്കിലും ;പിന്നെയും തുടരുന്നു യാചന.

വീടുകൾ തോറും നടക്കുന്നു യാചകൻ,
ഭിക്ഷക്കായി വിളിക്കുന്നു ഗ്രിഹനാഥയെ;   
ഗ്രിഹനാഥയോ, ഭിക്ഷയുമായി വരുന്നു.

ഭിക്ഷ ലഭിച്ചാലോ, പാടുന്നു സ്തുതികൾ;
ലഭിച്ചില്ലെങ്കിലോ, പറയുന്നു ചീത്തകൾ;
എങ്കിലും ; തളരാതെ വീടുകൾ തോറും,
യാചകൻ പിന്നെയും ചെല്ലുന്നു.

ഉച്ചയാകുമ്പോൾ ഭിക്ഷയായി " ഭക്ഷണം " 
മതിയെന്നു പറയുന്നു യാചകൻ;
തുടരുന്നു യാചന ഭക്ഷണശേഷവും.

വൈകുന്നേരങ്ങളിൽ ചെല്ലുന്നു യാചകൻ കടകളിൽ,
ഭിക്ഷയാചിക്കുവാനായി.
വ്യാപാരിയോടും ക്രേതാവിനോടും ഭിക്ഷ യാചിച്ചിടുന്നു;
ഓടിക്കുന്നു വ്യാപാരികൾ യാചകനെ തങ്ങളുടെ കടകളിൽ നിന്നും;
പറയുന്നു ചീത്തകൾ യാചകൻ അവരോട്.

രാത്രിയാകുമ്പോൾ തീരുന്നു യാചന;
ചില്ലറത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നു.
ചില്ലറത്തുട്ടുകൾ വയ്ക്കുന്നു ഭാണ്ഡത്തിൽ;
ആ തുട്ടുകൾ പിറ്റേന്ന് നോട്ടുകളായി മാറുന്നു.

യാചകൻ ശല്ല്യക്കാരനാണെങ്കിലും പക്ഷേ ,
ചില്ലറക്കാര്യത്തിൽ മോശക്കാരനല്ലല്ലോ;
ആവശ്യസമയത്തു കിട്ടുന്ന ചില്ലറ,
യാചകൻ കൊടുത്തോരു ചില്ലറയല്ലയോ ?
യാചകൻ ഇല്ലെങ്കിൽ തീരില്ല ചില്ലറ,
ആവശ്യ സമയത്തു കിട്ടില്ല ചില്ലറ.

യാചകശല്യം തീർക്കുവനായി ,
പല നിയമങ്ങളും സർക്കാരിറക്കുന്നു.
നിയമങ്ങളെല്ലാമേ ഉരുണ്ടങ്ങു പോകുന്നു,
യാചകൻ കൈയിലെ ചില്ലറ പോലവേ.

യാചിച്ചു, യാചിച്ചു "കൂട്ടുന്നു ലക്ഷങ്ങൾ "
ആർക്കും ഉപകാരമാകാതെ ചിതലരിച്ചങ്ങു 
പോകുന്നു ആ ലക്ഷങ്ങൾ.

വർഷങ്ങൾ കഴിയുമ്പോൾ,
യാചകൻ മണ്ണിലേയ്ക്ക് ചേരുന്നു;
ആരു മരിച്ചാലും മണ്ണിലെക്കല്ലയോ,
പിന്നെയെന്തു വ്യത്യാസം 
യാചകനും മുതലാളിയും തമ്മിൽ ?


                  









Thursday, September 17, 2015

മകനെ നിനക്ക് വേണ്ടി : കഥ ഒന്ന്

മകനെ നിനക്ക് വേണ്ടി : കഥ ഒന്ന് 
..........................................................

ഇത് നടക്കുന്നത് 1997 മെയ്‌ - ജൂണ്‍ കാലഘട്ടം  , ആ നാളിൽ  കേരളം അത്രയ്ക്ക് അങ്ങ് പുരോഗമിച്ചിട്ടില്ല . അന്ന് എനിക്ക് 17 വയസ്സ് പ്രായം കാണും . ഞാൻ എന്റെ അമ്മായീടെ  മോന്റെ ഓട്ടോ ഇലട്രിക്കൽ വർക്ഷോപ്പിൽ പണി പഠിക്കാൻ പോയിരുന്ന കാലം. 
എല്ലാ ദിവസത്തെയും പോലെ ആ  ദിവസവും പോയി  കൊണ്ടിരിക്കുകയായിരുന്നു . 

അന്ന് ഒരു ഉച്ച നേരത്ത് പണികൾ ഒക്കെ ഒതുക്കി , ഭക്ഷണം കഴിച്ചു  ഞങ്ങൾ ഒന്ന് വിശ്രമിക്കുകയായിരുന്നു. എല്ലാവരും ഒരു ഉറക്കത്തിന്റെ വക്കിൽ ആയിരുന്നു . ദേഹം അനങ്ങി പണി എടുക്കുന്നവർ അല്ലേ , ഞങ്ങൾക്ക് കുറച്ചു ക്ഷീണം ഒക്കെ കാണും . മുതിർന്നവർ വിശ്രമിക്കുമ്പോൾ റോഡിലൂടെ പോകുന്ന വണ്ടികളെ നോക്കി ഞാൻ അവിടെ കിടക്കുന്ന മര ബെഞ്ചിൽ ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു മദ്യവയസ്ക്കൻ കടയിലേക്ക് കയറി വന്നു .മെലിഞ്ഞ ഒരു രൂപം ,പഴകിയ ഒരു ഷർട്ടും പാൻറ്സും ആണ് വേഷം. കയ്യിൽ  ഒരു ചെറിയ പ്ലാസ്റ്റിക് കവറിൽ എന്തോ പൊതിഞ്ഞു വച്ചിരിക്കുന്നു .അവിടെ  ഞാൻ മാത്രം ഉണ്ട്  ഉറങ്ങാത്തതായി.  വന്ന ആൾ ആകെ പരുങ്ങലിൽ ആയി, കൌമാരക്കാരാൻ ആയ എന്നോട് ചോദിക്കാണോ ? , അതോ ഉറങ്ങുന്ന മുതിര്ന്നവരെ ഉണർത്തി ചോദിക്കണോ?

ധൈര്യം സംഭരിച്ചു ഒരു വലിയ പണിക്കാരനെ പോലെ ഞാൻ ചോദിച്ചു " എന്താ ചേട്ടാ കാര്യം ? "  

അല്ല മോനെ, ഇവിടെ പഴയ ബാറ്ററി ഉണ്ടോ ?
  
എന്താ ഉത്തരം പറയേണ്ടത് എന്ന് അറിയാതെ ഞാൻ ഒരു നിമിഷം പകച്ചു നിന്നു . പെട്ടന്ന് തന്നെ ഞാൻ ചോദിച്ചു " എന്തിനാ ചേട്ടാ ബാറ്ററി ? "

ഇതൊക്കെ കേട്ട് തമ്പി ചേട്ടൻ (അമ്മായീടെ  മോൻ) ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു.

ഉറക്ക ചടവോടെ ചേട്ടൻ വന്ന ആളോട് ചോദിച്ചു    " എന്താ ചേട്ടാ കാര്യം  ?"

ഇവിടെ .......... പഴയ ബാറ്ററി ഉണ്ടോ ?

എന്തിനാ ചേട്ടാ പഴയ ബാറ്ററി ? തമ്പി ചേട്ടൻ ചോദിച്ചു.

അത് ഒരു  ലൈറ്റ് കത്തിക്കാനാ . അയാള് മറുപടി പറഞ്ഞു.
മകൻ SSLC പഠിക്കാ ? അവനു രാത്രിലൊക്കെ പഠിക്കുമ്പോ  ഒരു വെളിച്ചത്തിനു വേണ്ടി , ഒരു ലൈറ്റ് ഇട്ടു കൊടുക്കാൻ ആയിരുന്നു. 

ഈ സമയത്ത് സുനിയും സേവ്യർ ചേട്ടനും (വർക്ക്‌ഷോപ്പിലെ രണ്ട് മുതിന്ന പണിക്കാർ) എഴുന്നേറ്റിട്ടുണ്ടായിരുന്നു. അവർ ഈ സംഭാഷണങ്ങൾ കേൾക്കുകയായിരുന്നു. 

ചേട്ടാ അപ്പോൾ വീട്ടിൽ കരണ്ടില്ലേ ? തമ്പി ചേട്ടൻ ചോദിച്ചു.

ഇല്ലാ എന്ന മറുപടി അതിന് ലഭിച്ചു.

കുറച്ചു നേരം അവിടെ ഒരു നിശബ്ദത അനുഭവപ്പെട്ടു.

ചേട്ടാ, പഴയ ബാറ്ററി തരണകൊണ്ട് ഞങ്ങൾക്ക് കൊഴപ്പില്ല . പക്ഷെ ........, അത് എപ്പോഴും ചാർജ് ചെയ്യണ്ടി വരോല്ലോ ........... ; ചേട്ടന്റെ വീട്ടില് ......... കരണ്ട് ഇല്ലെങ്കി പിന്നെ .......... ആ നിശബ്ദതക്ക് വിരാമം ഇട്ടുകൊണ്ട്‌ തമ്പി ചേട്ടൻ പറഞ്ഞു.

പിന്നെയും ഒരു നിശബ്ദത. 

ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മുഖത്തോട് മുഖം നോക്കി, ആരും ഒന്നും മിണ്ടുന്നില്ല.

അപ്പോ,പഴയ ബാറ്ററി കിട്ടീട്ട് കാര്യമില്ലാല്ലേ? 

മദ്യവയസ്കന്റെ ഈ വാക്കുകൾ അവിടെ ഉണ്ടായിരുന്ന നിശബ്ദതയെ ഒരിക്കൽ കൂടി കീറി മുറിച്ചു.
ആ സമയം മധ്യവയസ്കന്റെ കണ്ണിൽ അല്പ്പം കണ്ണുനീർ വന്നുവോ ?

എന്നാ ...... ശരി ....

ഞങ്ങളോട് യാത്ര പറഞ്ഞു അയാൾ റോഡിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ അയാളുടെ കണ്ണിൽ കൂടുതൽ കണ്ണുനീർ വന്നിരുന്നോ ?

അയാൾ റോഡിലേക്ക് ഇറങ്ങിയപ്പോൾ ഞാൻ ഒഴികെ എല്ലാവരും ഓരോ പണികൾക്കായി പോയി .

മകന് പഠിക്കുന്നതിനായി ഒരു ഇലട്രിക് വെളിച്ചം നല്കാൻ പറ്റാത്തതിന്റെ സങ്കടത്തിൽ തല കുമ്പിട്ട് വിദൂരതയിലേക്ക് നടന്നു പോകുന്ന ആ അച്ഛനെ നോക്കി ഞാൻ നിന്നു.മക്കളെ  നല്ല നിലയിൽ ആക്കുവാൻ കഷ്ട്ടപ്പെടുന്ന മാതാപിതാക്കളെ ഞാൻ ഓർത്തു ........


മക്കളെ നിങൾ ഒന്ന് മനസിലാക്കൂ ; 
നിങൾ ഇന്ന് ഈ അനുഭവിക്കുന്ന സ്വത്തിനും സന്തോഷത്തിനും നിങ്ങളുടെ മാതാപിതാക്കളുടെ ചോരയുടെ മണം ഉണ്ട്.
അത് നിങ്ങൾ മറക്കതിരിക്കൂ......... 




ഇനി ഈ സംഭവം കഴിഞ്ഞ് ഏകദേശം 20 വർഷങ്ങൾ അടുത്തുള്ള  ഈ കാലത്തിലേക്ക് വരാം . 
ആ അച്ഛന്നും മകനും ഇന്ന് ജീവിച്ചിരിപ്പുണ്ടോ ?
ആ മകൻ എത്ര വരെ പഠിച്ചു?  
അന്ന് തനിക്കു വേണ്ടി കഷ്ട്പ്പെട്ട  അച്ഛനെ അവൻ നല്ലപോലെ നോക്കിയോ / നോക്കുന്നുണ്ടോ  ?
ഒന്നും അറിയില്ല .........


........ശുഭം.........